പാലാ: ഇടതുപക്ഷ ജനാതിപത്യ മുന്നണി പ്രവര്‍ത്തകര്‍ രാപകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് വിജയിപ്പിച്ച മാണി സി കാപ്പന് മുന്നണി വിട്ട് യുഡിഎഫിലേയ്ക്ക് പോയത് രാഷ്ട്രിയ വഞ്ചനയാണെന്ന് എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.
ജനാധിപത്യ മര്യാദ മാനിച്ച് എല്‍ഡിഎഫ് പ്രതിനിധിയായി ലഭിച്ച എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കാപ്പന്റെ രാഷ്ട്രീയ വഞ്ചന തുറന്നുകാട്ടി എല്‍ഡിഎഫ് മണ്ഡലത്തിലാകെ ശക്തമായ പ്രചാരം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ഞായറാഴ്ച മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രതിഷേധ റാലികളും യോഗവും സംഘടിപ്പിക്കും. തുടര്‍ന്ന് ബൂത്ത് തലത്തിലും പ്രതിഷേധ പരിപാടികളും പ്രചാരണവും നടത്താനും യോഗം തിരുമാനിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനമാകെ നടപ്പാക്കുന്ന സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാ മണ്ഡലത്തിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇതെല്ലാം തന്റെ മാത്രം നേട്ടമായി വ്യാഖ്യാനിച്ച് എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് തുരങ്കം വെയ്ക്കുന്ന സമീപനമാണ് മാണി സി കാപ്പന്റെ കൂറുമാറ്റം.
സംസ്ഥാനത്ത് അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള സീറ്റ് ചര്‍ച്ചയും തുടങ്ങാത്ത സാഹചര്യത്തില്‍ മാണി സി കാപ്പന് ഏകപക്ഷീയമായി യുഡിഎഫിലേക്ക് പോയത് മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയും വഞ്ചനയാണെന്നും എല്‍ഡഎഫ് യോഗം വ്യക്തമാക്കി.
സിപിഐ എം പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് യോഗത്തില്‍ അധ്യക്ഷനായി.
കണ്‍വീനര്‍ ബാബു കെ ജോര്‍ജ്, മുന്നണി നേതാക്കളായ പി കെ ഷാജകുമാര്‍, ഫിലിപ്പ് കുഴികുളം, ജോസ് ടോം, ഔസേപ്പച്ചന് തകടിയേല്‍, ബെന്നി മൈലാടൂര്‍, ജോസ് കുറ്റിയാനിമറ്റം, കെ എസ് രമേഷ്ബാബു, പീറ്റര്‍ പന്തലാനി, കെ ആര് സുദര്‍ശ്, മാര്ട്ടിന് മിറ്റത്താനി, ജോസുകുട്ടി പൂവേലില്‍, കെ എസ് രാജു, ആന്റോ ജോസ് പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
0 Comments