പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ വെരികോസ് വെയ്ന്‍ ക്ലിനിക് ആരംഭിച്ചു. ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ ക്ലിനിക് ഉത്ഘാടനം ചെയ്തു.
ജനറല്‍ ആന്‍ഡ് ലാപ്പറോസ്കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് ആരംഭിച്ചിട്ടുള്ളത്. ശരീരത്തിലെ പലഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകൂടുന്ന അവസ്ഥയാണ് വെരികോസ് വെയ്ന്‍.
ഞരമ്പുകള്‍ തടിച്ചു വീര്‍ത്ത് അശുദ്ധ രക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോള്‍, രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും രക്തം കെട്ടിനില്ക്കുകയും ചെയ്യും.
സിരകള്‍ തടിച്ചു വീര്‍ത്ത ഭാഗത്തെ ചര്‍മ്മത്തില്‍ രൂപപ്പെടുന്ന വൃണങ്ങളാണ് രോഗം സങ്കീര്‍ണ്ണമാക്കുന്നത്. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണിത്.
വെരികോസ് വെയ്ന്‍ രോഗത്തെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുക, രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി മികച്ച ചികിത്സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഈ സംരംഭം ആരംഭിക്കുന്നതെന്ന് ക്ലിനിക്കിന്റെ ഉത്ഘാടനം നിര്‍വഹിച്ച ആശുപത്രിയുടെ മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു.
വെരികോസ് വെയ്ന്‍ പലവിധത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെങ്കിലും ഇവ പലപ്പോഴും ആളുകള്‍ അവഗണിക്കുകയും രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രം ചികിത്സ തേടുകയും ചെയ്യുന്നു. അപ്പോഴേക്കും പല ചികിത്സകളും ഫലപ്രദമാകാതെ പോകുന്നതായി കാണാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ബുധനാഴ്ചകളിലും 2 മണി മുതല്‍ 4 വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ട്രെന്ഡ്ലെന്ബര്ഗ് ശസ്ത്രക്രിയ, റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍, പെര്‍ഫൊറേറ്റര്‍ ലീഗെറ്റെഷന്, സ്ക്ളീറോതെറാപ്പി എന്നിങ്ങനെ വിവിധ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാണ്.
ചടങ്ങില്‍ മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസി തോമസ്, ഡയറക്ടര്‍മാര്‍, ജനറല്‍ ആന്‍ഡ് ലാപ്പറോസ്കോപിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സി. സെലിന് ജോര്‍ജ്, ഡോ. ജിബിന്‍ കെ തോമസ് എന്നിവര്‍ പങ്കെടുത്തു.
0 Comments