Subscribe Us

മോഷ്ടിച്ച ബൈക്കിലെത്തി മാലമോഷണം; മൂന്നംഗസംഘം ഒടുവില്‍ പിടിയില്‍, പ്രതികളുടെ പേരില്‍ പോലീസിനു നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസടക്കം നിരവധി കേസുകള്‍


രാമപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാനത്തൂരില്‍ പെട്ടിക്കട നടത്തുകയായിരുന്ന കുറ്റി പൂവത്തിങ്കല്‍  അമ്മിണിയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ മൂന്നു പേര്‍ ആണ് രാമപുരം പോലീസിന്റെ പിടിയിലായത്. 

തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ  ചായിപുറത്ത് ഷെഫീക്ക് മന്‍സിലില്‍ റഫീഖിന്റെ മകന്‍ ഷെഫീഖ് (23) സഹോദരന്‍ ഷമീര്‍ (20) രാമപുരം മങ്കുഴി ചാലില്‍ വിനോദിന്റെ മകന്‍ അമല്‍ (20) എന്നിവരാണ് കഴക്കൂട്ടത്ത് ഉള്ള വാടകവീട്ടില്‍ നിന്നും  പിടിയിലായത്. 

കഴിഞ്ഞ മാസം 31 ആം തീയതി ആയിരുന്നു  കേസിന് ആസ്പദമായ സംഭവം.  ഒരു ന്യൂ ജനറേഷന്‍ ബൈക്കില്‍ അമ്മിണിയുടെ പെട്ടിക്കടക്ക് സമീപമെത്തിയ ഷമീറും അമലും ബൈക്ക് ഓഫ് ചെയ്യാതെ  10 മീറ്റര്‍ അകലെ നിര്‍ത്തി ഷമീര്‍  ബൈക്കില്‍ നിന്നും ഇറങ്ങി കടയില്‍ എത്തി അമ്മിണിയോട് സോഡാ നാരങ്ങാ വെള്ളം ആവശ്യപ്പെടുകയായിരുന്നു. 

നാരങ്ങാവെള്ളം എടുക്കുവാനായി കടയുടെ പുറകിലേക്ക് പോയ  അമ്മിണിയുടെ കഴുത്തില്‍ ധരിച്ചിരുന്ന ഒരു പവന്‍ സ്വര്‍ണമാല ഷമീര്‍ പൊട്ടിച്ചെടുത്ത് ഓടി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 

കോട്ടയം ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയായ അമല്‍ ഷെമീറിനും ഷെഫീക്കിനുമൊപ്പം തിരുവനന്തപുരം കഴക്കൂട്ടത്ത് വാടക വീട് എടുത്ത്  ഒളിവില്‍ കഴിയുകയായിരുന്നു. അടുത്ത മോഷണം നടത്തുന്നതിനായി ഷെഫീഖ് ആയിരുന്നു വീട് വാടകയ്ക്ക് എടുത്തിരുന്നത്. 

മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ജനുവരി ഒന്നിന് ഇറങ്ങിയ  ഷമീര്‍ തിരുവനന്തപുരം കൊല്ലം കോട്ടയം ജില്ലകളിലെ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. 

സഹോദരന്‍ ഷെഫീഖ് തിരുവനന്തപുരം ജില്ലയിലെ നിരവധി മാലപൊട്ടിക്കല്‍  കേസുകളില്‍ പ്രതിയാണ്. 


പതിനാലാം വയസ്സില്‍ മോഷണം ആരംഭിച്ച അമല്‍ കോട്ടയം ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലും, വാകത്താനം പോലീസ് സ്റ്റേഷനില്‍ വധശ്രമക്കേസിലെയും  പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിലെയും പ്രതിയാണ്.

രാമപുരത്ത് മാലപൊട്ടിക്കാന്‍ ഉപയോഗിച്ച് ബൈക്ക് ഷെമീര്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് നിന്നും കഴിഞ്ഞ മാസം ഒമ്പതാം തീയതി മോഷ്ടിച്ചതാണ്. പ്രതികളെ പിടികൂടിയ സമയത്ത് നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും മോഷ്ടിച്ച ഒരു ബൈക്കും കണ്ടെടുത്തിരുന്നു. 

പാലാ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്‍, രാമപുരം SHO അനില്‍കുമാര്‍, എസ് ഐ ഡിനി, സ്‌കോഡ് അംഗങ്ങളായ എസ് ഐ തോമസ് സേവ്യര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ചന്ത്, ഷെറിന്‍ സ്റ്റീഫന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments